എംഎൽഎമാർക്ക് രണ്ട് ടേമെന്ന നിബന്ധന മാറ്റാൻ സിപിഐഎം; പിണറായി വിജയന് അടക്കം മൂന്നാം ഊഴത്തിന് അവസരം

രണ്ട് ടേം കഴിഞ്ഞവർ മത്സരരം​ഗത്ത് നിന്നും മാറ്റി നിർത്തണമെന്ന വ്യവസ്ഥ കർശനമാക്കിയാൽ 25 എംഎൽഎമാർ മാറിനിൽക്കേണ്ടി വരും

dot image

തിരുവനന്തപുരം: എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. രണ്ട് ടേം കഴിഞ്ഞവർ മത്സരരം​ഗത്ത് നിന്നും മാറ്റി നിർത്തണമെന്ന വ്യവസ്ഥ കർശനമാക്കിയാൽ 25 എംഎൽഎമാർ മാറിനിൽക്കേണ്ടി വരും.

ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള എംഎൽഎമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാൻ സിപിഐഎം ആലോചിക്കുന്നത്. കേരളത്തിൽ അധികാരം നിലനി‍ർത്തുക എന്നതാണ് ഇതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കില്ലെങ്കിലും സമ്മേളനത്തിന് ശേഷം നിലവിൽ വരുന്ന സംസ്ഥാന സമിതി ഈ വിഷയം ​ഗൗരവമായി പരി​ഗണിക്കും. രണ്ട് ടേം എന്ന നിബന്ധന മാറ്റി മൂന്ന് ടേം ആക്കുന്നതിനെക്കുറിച്ചാണ് സിപിഐഎമ്മിൽ ആലോചന നടക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പിണറായി മന്ത്രിസഭയിൽ രണ്ട് ടേം പൂർത്തിയാക്കുന്ന നാല് മന്ത്രിമാരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോ‍ർജ്ജ്, ഒ ആ‍ർ കേളു എന്നിവർ എംഎൽഎ സ്ഥാനത്ത് രണ്ട് ടേം പൂർണ്ണമായി പൂർത്തീകരിക്കും. മന്ത്രി സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് രണ്ട് ഊഴം ലഭിച്ചെങ്കിലും 2018ലെ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സാങ്കേതികമായി എട്ട് വർഷം മാത്രമാണ് എംഎൽഎ സ്ഥാനത്ത് പൂർത്തീകരിച്ചിരിക്കുന്നത്. ടേം വ്യവസ്ഥ കർശനമാക്കിയാൽ സ്പീക്കർ എ എൻ ഷംസീറിനും മാറിനിൽക്കേണ്ടി വരും. സജി ചെറിയാൻ മാറി നിൽക്കുന്നത് ചെങ്ങന്നൂരിലെയും വി കെ പ്രശാന്ത് മാറി നിൽക്കുന്നത് വട്ടിയൂ‍ർക്കാവിലെയും സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: CPIM to change the two-term limit for MLAs

dot image
To advertise here,contact us
dot image