
തിരുവനന്തപുരം : ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചേക്കും എന്നാണ് സൂചന.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ലഹരി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചിരുന്നു. സഭനിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യറാവുകയായിരുന്നു. ആശ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ എത്തും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി പി രാജീവ് മറുപടി നൽകും. ഇന്ന് പിരിയുന്ന സഭാ സമ്മേളനം ഇനി തിങ്കളാഴ്ചയാണ് വീണ്ടും ചേരുക.
content highlights : deep-sea mineral mining; CM will present joint resolution in Assembly