സിപിഐഎമ്മിലെ പ്രായപരിധി: 'ഇളവ് ഒരാൾക്ക് എന്നത് തെറ്റ്'; ഇപി ജയരാജൻ

കള്ള് ഗ്ലൂക്കോസിനെക്കാളും പവർഫുൾ, ചെത്ത് കള്ള് ലിക്വർ ആക്കാൻ പാടില്ലെന്നും ചോദ്യത്തിന് മറുപടിയായി ഇ പി ജയരാജൻ

dot image

കണ്ണൂർ: പ്രായപരിധി ചർച്ചാ വിഷയമല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കവെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ അഭിപ്രായം പറഞ്ഞത്. ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുവെ എടുക്കുന്ന നിലപാട് പുതിയ നേതൃശക്തികളെ ഉയർത്തി കൊണ്ടുവരിക എന്നതാണ്. അതിനുളള നടപടികൾ സ്വീകരിക്കും. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഒന്നാണ്. അത് നിയമപരമായ പരിരക്ഷയുടെ ഭാ​ഗമായിട്ടുളളതല്ല. ഈ വിഷയത്തിൽ സഹകരണ മേഖലയിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

സഹകരണ മേഖലയിൽ ഒരാൾ തന്നെ പ്രസിഡന്റായി വരുന്നത് അതിന്റെ പ്രവർത്തന രം​ഗത്ത് ആക്ഷേപങ്ങൾക്ക് ഇടയാക്കും. ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്ന ഒരു പുതിയ നേതൃനിര തന്നെ വളർന്ന് വരുന്നുണ്ട്. കേരള ​​ജനത ഇന്ന് വിദ്യാസമ്പന്നരാണ്. അതുകൊണ്ട് പുതിയ തലമുറയിലുളളവരെ ഉയർത്തി കൊണ്ടുവന്ന് നേതൃരം​ഗത്തേക്ക് ഉയർത്താനും പൊതു സമൂഹത്തിന് ഊർജം നൽകാനുമുളള പ്രായോ​ഗിക സമീപനം എന്ന നിലയിലാണ് പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത്.

ആശ വർക്കർമാരുടെ താല്പര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോൾ നടക്കുന്നതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സമരങ്ങളോട് നല്ല വാക്കുകൾ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. കലാപാഹ്വാനമാണ് ആണ് നടത്തുന്നത് ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കള്ള് ഗ്ലൂക്കോസിനെക്കാളും പവർഫുൾ ആണെന്നും ചെത്ത് കള്ള് ലിക്വർ ആക്കാൻ പാടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കള്ള് ചെത്ത് വ്യവസായം ശക്തിപ്പെടുത്തണം എന്ന് അഭിപ്രായക്കാരനാണ് ഞാൻ. തെങ്ങ് ചെത്തിയപ്പോൾ തന്നെ കിട്ടുന്ന നീര് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലതാണ് ചെത്തിയ പാടേ ഉള്ള കള്ളെന്നും ഇ പി ജയരാജൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ കള്ള് നല്ലതാണെന്ന് പറഞ്ഞ ഇ പി ജയരാജൻ്റെ നിലപാടും മദ്യപിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിലപാടും ചൂണ്ടിക്കാണിച്ച് ഇതിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇ പി ജയരാജൻ്റെ വിശദീകരണം. നേരത്തെ പറഞ്ഞതും ലിക്വറല്ലാത്ത കള്ളിനെക്കുറിച്ചാണെന്ന് ഇ പി ജയരാജൻ വ്യക്തത വരുത്തി.

Content Highlights: EP Jayarajan said that age limit is not a topic of discussion

dot image
To advertise here,contact us
dot image