
കൽപ്പറ്റ : ഭര്‍ത്താവിന്റെ ഓര്‍മകളുള്ള മോതിരം തിരികെ വേണമെന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ ലതയുടെ ആവശ്യത്തിന് റിപ്പോർട്ടറിലൂടെ പരിഹാരം. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച ഭർത്താവ് ധരിച്ചിരുന്ന 'ലത' എന്ന് പേര് കൊത്തിയ മോതിരം ആണ് മന്ത്രി രാജന്റെ ഇടപെടലിലൂടെ ലതയ്ക്ക് തിരികെ ലഭിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച ലതയുടെേ ഭർത്താവിനെ തിരിച്ചറിഞ്ഞത് ഈ മോതിരത്തിലൂടെയായിരുന്നു. റിപ്പോർട്ടറാണ് ലതയുടെ ആവശ്യം മന്ത്രി രാജനെ അറിയിച്ചത്.
ലതയ്ക്ക് മോതിരം കൈമാറിയ ഉടൻ തന്നെ മന്ത്രി രാജൻ വിവരം റിപ്പോർട്ടർ ടി വി കൺസൾട്ടിംഗ് എഡിറ്റർ ഡോ.അരുൺകുമാറിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. മോതിരം കിട്ടിയ സന്തോഷവാർത്ത റിപ്പോർട്ടർ ടി വിയുടെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിലൂടെ ലത പങ്കുവെച്ചു. എല്ലാം നഷ്ടമായ തനിക്ക് ഭർത്താവിന്റെ ഓർമ്മകളുള്ള ഈ മോതിരം മാത്രമാണ് തുണയായുള്ളതെന്നും ലത പറഞ്ഞു. ഒപ്പം റവന്യൂ മന്ത്രി കെ രാജനും റിപ്പോർട്ടറിനും തന്റെ അകമഴിഞ്ഞ നന്ദിയും ലത അറിയിച്ചു. ഭർത്താവിന് ഏറെ ഇഷ്ടമുള്ള മോതിരമാണ് ലതയ്ക്ക് തിരികെ ലഭിച്ചത്.
2024 നവംബറിൽ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഭര്‍ത്താവിന്റെ മോതിരം ലഭിച്ചില്ലെന്ന പരിഭവം ലത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ ഓര്‍മകളുള്ള മോതിരം തിരികെ കണ്ടെത്തി നല്‍കണമെന്നായിരുന്നു ലത റിപ്പോര്‍ട്ടറിലൂടെ ആവശ്യപ്പെട്ടത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ലതയ്ക്ക് മോതിരം കൈപ്പറ്റാമെന്ന് കോഫി വിത്ത് അരുണിലൂടെ ലതയ്ക്ക് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
'സ്വര്‍ണത്തിന്റെ മൂല്യമല്ല മറിച്ച് മരണപ്പെട്ടവരുടെ ഓര്‍മകളാണ് ആ മോതിരം. അത് സൂക്ഷിക്കപ്പെടേണ്ടത് കുടുംബത്തിന്റെ അവകാശമാണ്. പണം കൊടുത്താല്‍ മറ്റ് ഏത് സ്വര്‍ണമോതിരവും കിട്ടും. പക്ഷേ ഇത് കിട്ടില്ല. അന്ന് ഉരുള്‍പൊട്ടലില്‍ ഇത്തരത്തില്‍ ലഭിച്ച എല്ലാ വസ്തുക്കളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്, എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
വാര്‍ത്തകള്‍ അറിയാന്‍ കഴിയുന്നില്ലെന്നും ഒരു ടിവി കിട്ടിയാല്‍ നന്നായിരുന്നെന്നുള്ള ലതയുടെ ആവശ്യവും കോഫി വിത്ത് അരുണില്‍ ലത പറഞ്ഞിരുന്നു. പിന്നാലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന ലതയ്ക്ക് റിപ്പോർട്ടർ ടി വി എത്തിച്ച് നൽകിയിരുന്നു.
content highlights : 'I got my husband's memory ring back'; Lata thanks the minister and Reporter TV