ആശ വര്‍ക്കര്‍മാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥ്

തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും കെ എന്‍ ഗോപിനാഥ് പറഞ്ഞു

dot image

കൊച്ചി: ആശ വര്‍ക്കര്‍മാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥ്. മനഃപൂര്‍വ്വം ആളുകളെ വേദനിപ്പിക്കുന്ന തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തുന്ന ആളല്ല താനെന്ന് കെ എന്‍ ഗോപിനാഥ് പറഞ്ഞു. തന്റെ ഭാഷാ പ്രയോഗത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും കെ എന്‍ ഗോപിനാഥ് പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് ഡോ. അരുണ്‍ കുമാറിലായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പ്രതികരണം.

തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും കെ എന്‍ ഗോപിനാഥ് പറഞ്ഞു. തന്റെ പ്രസംഗത്തിലെ വാചകം എതിരാളികള്‍ പ്രയോഗിച്ചു. വിഷയത്തെ ഒരു കേന്ദ്രമന്ത്രി കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും ഗോപിനാഥ് പറഞ്ഞു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുള്ള സമരപ്പന്തലില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വരാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തില്‍ ഇടപെടാം എന്നായിരുന്നു പറഞ്ഞതെങ്കില്‍ അതില്‍ ഒരു മര്യാദയുണ്ട്. എന്നാല്‍ സമരപ്പന്തലില്‍ എത്തിയ കേന്ദ്രമന്ത്രി സമരക്കാര്‍ക്ക് കുട നല്‍കുകയാണ് ചെയ്തത്. അത് പ്രതീകാത്മകമായി സമരത്തിന് വീര്യം നല്‍കുന്ന ഇടപെടലാണ്. 'വെയിലും മഴയും കൊണ്ടാലും നിങ്ങള്‍ ഇവിടെ നിന്ന് എഴുന്നേറ്റ് പോകേണ്ട, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നോളൂ, എല്ലാ പിന്തുണയുമുണ്ട്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇങ്ങനെയൊരു നാടകം സുരേഷ് ഗോപി മുന്‍പും നടത്തിയിട്ടുണ്ട്. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിക്കാനായിരുന്നില്ല തന്റെ പരാമര്‍ശം. താന്‍ സ്ത്രീവിരുദ്ധനൊന്നുമല്ല. തന്റെ വായില്‍ നിന്ന് അങ്ങനെ വീണതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെ എന്‍ ഗോപിനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമര്‍ശം. 'ലേബര്‍ കോഡ് കൊണ്ടുവന്ന് പന്ത്രണ്ട് മണിക്കൂര്‍ ജോലിയാക്കണമെന്നുള്ള നിര്‍ദേശം കൊണ്ടുവന്നത് ബിജെപി സര്‍ക്കാരാണ്. അവരാണ് ഇവിടെ സമരത്തിന് വരുന്നത്. സമരനായകന്‍ സുരേഷ് ഗോപി എത്തുന്നു, എല്ലാവര്‍ക്കും കുട കൊടുക്കുന്നു. കുട കൊടുത്തതിനൊപ്പം ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല' എന്നായിരുന്നു കെ എന്‍ ഗോപിനാഥിന്റെ വിവാദ പ്രസംഗം. ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Content Highlights- K N Gopinath apologize on statement against asha workers on his speech in Trivandrum

dot image
To advertise here,contact us
dot image