
വയനാട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി.
ഷഹബാസിനെ കൂട്ടംകൂടി മർദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlights: Shahabas Murder Case One Student in Police Custody who Translocated to Care Home