
കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരിൽ നിന്ന് ആരെത്തും? ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പി ശശി, പി ജയരാജൻ, എം വി ജയരാജൻ എന്നിവരിൽ ഒരാൾക്കാണ് സാധ്യത. കൊല്ലത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം കണ്ണൂരിൽ നിന്നും ആരെ സെക്രട്ടേറിയറ്റിലേയ്ക്ക് പരിഗണിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇത്തവണ സെക്രട്ടേറിയറ്റിൽ എത്തിയില്ലെങ്കിൽ പി ജയരാജന് ഇനി അവസരമില്ലെന്നതും ശ്രദ്ധേയമാണ്. അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായം 75 കടക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളിൽ തുടരാനുള്ള പ്രായം 80-ൽ നിന്ന് 75 ആയി കുറച്ചത്. പി ജയരാജനെ പരിഗണിക്കാൻ അണികളിൽ വികാരം ശക്തമാണ്. സീനിയോറിറ്റി പരിഗണിച്ച് പി ശശിക്കും പരിഗണനയുണ്ട്. എം വി ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയാൽ കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരും. മാർച്ച് ആറുമുതൽ ഒമ്പതുവരെയാണ് സമ്മേളനം നടക്കുന്നത്. എം വി ജയരാജന് പകരമായി കെ കെ രാഗേഷ് ടി വി രാജേഷ് എന്നിവരാണ് പരിഗണനയിലുള്ളത്.
സിപിഐഎം സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. 2022-ല്‍ നിന്ന് 2025 വരെയെത്തുമ്പോള്‍ പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണം 38426 ആയി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3247 ബ്രാഞ്ചുകള്‍, 2444 ലോക്കല്‍ കമ്മിറ്റികള്‍, 171ലോക്കല്‍ കമ്മിറ്റികള്‍ എന്നിവ പുതുതായി രൂപീകരിച്ചിട്ടുണ്ട്. 210 ഏരിയാ കമ്മിറ്റികളാണ് പുതുതായി രൂപീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
നേതൃനിരയില്‍ വനിത അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2597 വനിത അംഗങ്ങള്‍ പുതുതായി ബ്രാഞ്ച് സെക്രട്ടറിമാരായി ചുമതലയേറ്റിട്ടുണ്ട്. മൂന്ന് ഏരിയ കമ്മിറ്റികളില്‍ വനിത അംഗങ്ങള്‍ സെക്രട്ടറിമാരായി. 486 പ്രതിനിധികളും 44 അതിഥികളും ഉള്‍പ്പെടെ 530 പേരാണ് സമ്മേളന പ്രതിനിധികള്‍. ഇതില്‍ 75 പേര്‍ സ്ത്രീകളാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് വര്‍ഷം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍ നടപ്പാക്കിയോ എന്നതും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Who will come to CPIM state secretariat from Kannur