
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊലപാതക കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക.
സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ
മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു. വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.
Content Highlights: Venjaramood Murder Case Police will be Questioned Accused Afan