സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി, അര ലക്ഷം രൂപയുടെ നഷ്ടം; തിയേറ്റർ ഉടമയ്ക്കെതിരെ കേസ്

രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്

dot image

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ മറ്റൊരു തിയേറ്റർ ഉടമയ്ക്കെതിരെ കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാർ നൽകിയ പരാതിയിൽ പ്രദേശത്ത് തന്നെയുളള വി ജി എം തിയേറ്റർ‌ ഉടമ പി കെ ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു.

തിയേറ്റർ‌ കാലിയായതിലൂടെ അര ലക്ഷം രൂപ നഷ്ടമായെന്ന് പരാതിയിൽ പറയുന്നു. രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്. സിനിമയ്ക്കായി സീറ്റ് ബുക്ക് ചെയ്ത ശേഷം ഒമ്പത് മിനിറ്റിനുളളിലേ പണം അടയ്ക്കേണ്ടതുളളൂ. ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് ബുക്ക് ചെയ്തത് റദ്ദാക്കും. ഉടൻ വീണ്ടും ബുക്ക് ചെയ്യുകയും ചെയ്യും. ഇങ്ങനെ ഒരോ ഒൻപത് മിനിറ്റിലും സീറ്റുകൾ ബുക്ക് ചെയ്ത് കൊണ്ടേയിരുന്നു.

ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ തുറന്നാൽ എല്ലാ സീറ്റുകളും ബുക്ക് ചെയ്തതായി കാണാനാണ് സാധിച്ചത്. തിയേറ്ററിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ് വിതരണം ചെയ്യാൻ നോക്കുമ്പോൾ, ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തായും കാണിച്ചു. എന്നാൽ പടം തുടങ്ങാൻ നേരത്ത് ഒരാൾ പോലും എത്തിയില്ല.

ബുക്ക് മൈ ഷോ ആപ്പിൽ കയറിയപ്പോൾ മുഴുവൻ ടിക്കറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു. ദീപ്തി തിയേറ്ററിലെ മോണിങ് ഷോയും മാറ്റിനിയുമാണ് മുടങ്ങിയത്. സാങ്കേതിക തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയ രാജ്കുമാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ആരാണ് ടിക്കറ്റ് ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിജിഎം തിയേറ്ററിൽ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തിയിലും രേഖാചിത്രമെത്തിയത്. ഇതിലുളള പ്രതിഷേധമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.

Content Highlights: Case Against theater Owner for Fake Ticket Booking in Kanhangad

dot image
To advertise here,contact us
dot image