
കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. വെള്ളം നൽകുന്നതിനിടെ പെട്ടെന്ന് ആന ഇടയുകയായിരുന്നു.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ആന തകർത്തു. ക്ഷേത്രത്തിന്റെ മതിലും ആന തകർത്തതായാണ് റിപ്പോർട്ട്. ആനയെ ആദ്യം തളച്ചെങ്കിലും പിന്നീട് ചങ്ങല പൊട്ടിക്കുകയും വീണ്ടും അക്രമാസക്തനാവുകയുമായിരുന്നു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ തളയ്ക്കാനെത്തുന്നവർക്ക് നേരെ ആന പാഞ്ഞടുക്കുകയാണ്. ആന രാവിലെ മുതൽ ശാന്തനയിരുന്നുവെന്നും പെട്ടെന്നാണ് സ്വഭാവത്തിൽ മാറ്റമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആനയിടഞ്ഞ സാഹചര്യത്തിൽ ക്ഷേത്രത്തോട് ചേർന്നുള്ള പൊതുപാതയിൽ വാഹനങ്ങളുൾപ്പെടെ കടന്നുപോകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ക്ഷേത്രത്തിന്റെ ഗേറ്റ് അടച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ ഗേറ്റിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നതും ആശങ്കയുണ്ടാക്കുകയാണ്. പൊലീസും പാപ്പാന്മാരും നാട്ടുകാരും ചേർന്ന് ആനയെ തളയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Content Highlight: Elephant attack in Edakochi