
കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയതിന് പിന്നാലെ മയക്കുവെടിവെച്ചു പിടികൂടിയ കുട്ടിയാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആറളത്തെ ആർആർടി ഓഫീസിൽ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ചരിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ മൂന്ന് വയസുകാരൻ കുട്ടിയാന ഭീതി പടർത്തിയത്. ആറളം ഫാമിൽ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയിൽ എത്തിയത്. താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിഞ്ഞ ഭാഗത്ത് നിന്ന് മാസവും രക്തവും അടർന്ന് തൂങ്ങിയിരുന്നു. അവശനായി ഒന്നിനും കഴിയാതെ വന്നതോടെ ആന കൂമൻ തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചു.
വൈകിട്ടോടെ വയനാട്ടിൽ നിന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആർആർടി സംഘമെത്തി മയക്കുവെടിവെച്ചു. ഇതിന് പിന്നാലെ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി. ആനയെ ആറളത്തെ ആർ ആർ ടി ഓഫീസിൽ എത്തിച്ച് ചികിത്സ നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എലിഫന്റ് ആംബുലൻസ് എത്തി. ആംബുലൻസിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ആന അവശനായി വീണിരുന്നു.
Content Highlight: Elephant caught from kannur died