'നേരിട്ട് കണ്ടാൽ നിന്നെ കൊല്ലും,ന‍ഞ്ചക് ഉപയോ​ഗിച്ച് മർദ്ദിക്കും';ഷഹബാസിന് കുറ്റോരാപിതരുടെ അവസാന സന്ദേശം

കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഷഹബാസിന് അയച്ച സന്ദേശങ്ങളിൽ പലതും ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് കണ്ടെത്തി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്

dot image

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ പൊലീസിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി മുഴക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഭീഷണി മുഴക്കിയത്. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാനും വെല്ലുവിളിച്ചിരുന്നു. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ്. കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഷഹബാസിന് അയച്ച സന്ദേശങ്ങളിൽ പലതും ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് കണ്ടെത്തി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങൾ നടക്കുന്നതിനു മുൻപ് ആരൊക്കെ ഫോണിലേക്ക് വിളിച്ചു എന്നതും സന്ദേശങ്ങൾ അയച്ചു എന്നതും പൊലീസ് വിശദമായി പരിശോധിച്ചു.

അതേ സമയം ഇന്ന് ഷഹബാസിന്റെ വീട്ടിൽ സൈബർസെൽ സംഘവും പൊലീസും എത്തിയിരുന്നു. ഷഹബാസ് ഉപയോ​ഗിച്ച ഫോൺ സൈബർസെൽ സംഘവും പൊലീസും പരിശോധിച്ചു. ഇതിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ സൈബർ സെൽ അംഗങ്ങൾക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘവും ഷഹബാസിന്റെ വീട്ടിൽ തുടരുകയാണ്.

ആക്രമണവുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങൾ ഉൾപ്പെടെ പുറത്തുവന്ന പശ്ചാത്തലത്തിൽ സോഷ്യൽമീഡിയ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി. എഫ് എസ് എൽ പരിശോധന ഫലങ്ങൾ കൂടി പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെടാനാണ് സാധ്യത.

അതേ സമയം വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പൊലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി. ജുവൈനല്‍ ഹോമിലേക്ക് ഇന്നും വിവിധ വിദ്യാർ‍ത്ഥി സംഘടനകൾ മാര്‍ച്ച് നടത്തി. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലീസ് മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. എംഎസ്എഫ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

content highlights : I will beat you with a nunchaku'; The last message of the accused to Shahbaz

dot image
To advertise here,contact us
dot image