
തൃശൂർ: അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനാണ് പരിക്ക് .പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാർശ. നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നും നേരിയ പരിക്കാണെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നും ഡോക്ടർമാരുടെ റിപ്പോർട്ടുണ്ട്.
രണ്ടുദിവസം കൂടി ആനയെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ മയക്കു വെടി വെച്ച് പിടികൂടി ചികിത്സിക്കാൻ ആണ് തീരുമാനം. സെൻട്രല്‍ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
രണ്ട് ദിവസമായി ആനയുടെ കാൽപ്പാദം നിലത്തുറപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്നാണ് വനംവകുപ്പിന്റെ സംശയം. ദിവസം കഴിയുന്തോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആന മെലിയുന്നത് നല്ല സൂചനയല്ലെന്ന് ഡോക്ടർമാർ പറയുന്നു. വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്,ഡോക്ടർ മിഥുൻ ,ഡോക്ടർ ഡേവിഡ് എന്നിവരുടെ സംഘമാണ് ഗണപതിയെ പരിശോധിക്കുന്നത്.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ഇരുവരുടെയും സൗഹൃദദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഏഴാറ്റുമുഖം ഗണപതിയെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിൽ ചികിത്സ നൽകി വരവേയാണ് ചരിഞ്ഞത്.
content highlights : Leg injury; Wild elephant Ezhattumugham Ganapathy in Athirappilly will be treated