
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെ നാളെ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്. പാങ്ങോട് പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.
നാളെ തന്നെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ നൽകിയേക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. അതേസമയം അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷിയാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാൻ ആവർത്തിച്ചത്. വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ ഇനി എന്ത് എന്ന് അറിയാതെ വന്നുവെന്നും ഇതോടെയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു.
ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ അഫാനെ ഇന്നലെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
Content Highlight: Venjaramoodu murder: Afan will be produced before court tomorrow