
നിലമ്പൂർ: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിൻ്റെ പരാതിയിൽ കരുവാരക്കുണ്ട് പൊലീസാണ് ജെറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിൽ യുവാവ് വീഡിയോ പ്രചരിപ്പിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡിൽ നേർക്കുനേർ നിന്നുവെന്നായിരുന്നു യുവാവിൻ്റെ വാദം. എന്നാൽ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു.
കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു.
Content Highlights: Accused arrested in case of spreading fake video of tiger