
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. സമ്മേളന നഗറില്‍ സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ അവലോകന റിപ്പോര്‍ട്ടുകള്‍ തെറ്റിപ്പോയെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസം സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തിയിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എം എ ബേബി, എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.
Content Highlights: CPIM State Conference Prakash karat will inaugurate