
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവെനാടുക്കിയ സംഭവത്തിൽ ഭർത്യസഹോദരനെതിരെയും ആരോപണം.
യുവതിയെയും പെൺമക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ ഭർതൃസഹോദരനായ വൈദികന് പങ്കുണ്ടെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. വിദേശത്തുള്ള വൈദികനെതിരെ അന്വേഷണം ആരംഭിച്ചതായാണ് സൂചന.നേരത്തേ ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആത്മഹത്യക്ക് പിന്നിൽ അമ്മയും മക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മുൻപെ തന്നെ കണ്ടെത്തിയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിൽ മരിച്ച ഷൈനിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദികനായ ഷൈനിയുടെ ഭർതൃസഹോദരന് നേരെയും ആരോപണം ഉയരുന്നത്. വിദേശത്തുള്ള വൈദികനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടികളേയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തതും അസ്വസ്ഥയാക്കിയതായി ശബ്ദ സന്ദേശത്തില്‍ വ്യക്തമാകുന്നു. മരിക്കുന്നതിന് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് സങ്കടങ്ങള്‍ തുറന്നുപറഞ്ഞത്. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടില്‍ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടെയെങ്കിലും ജോലിക്ക് പോകണം.വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും ഷൈനി ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.
Content Highlights- Mother and children commit suicide in Ettumanoor; Allegations also made against brother-in-law