കയ്യിൽ ധാരാളം പണം; സലൂണിൽ കയറി മുടി വെട്ടി; താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ

യൂണിഫോം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്

dot image

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. കുട്ടികൾ സലൂണിലെത്തുന്നതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. യൂണിഫോം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. രണ്ട് മണിക്കാണ് ഇവര്‍ കോഴിക്കോടുണ്ടെന്ന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫായി.

സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം കോഴിക്കോട്ടേക്കും മഹാരാഷ്ട്രയിലേക്കും പൊലീസ് അന്വേഷണവും വ്യാപിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സ്‌കൂളില്‍ പോയി തിരിച്ചെത്താനുള്ള അഞ്ച് രൂപ മാത്രമാണ് മകൾ ഫാത്തിമ ഷഹാദ കയ്യിൽ കരുതിയിരുന്നത് എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlight: Tanur students missing case: Students found from Mumbai

dot image
To advertise here,contact us
dot image