
മലപ്പുറം: താനൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. പരീക്ഷയ്‌ക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്താതിരുന്നതോടെ അധ്യാപകര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്‌കൂളില്‍ പോയി തിരിച്ചെത്താനുള്ള പണം മാത്രമാണ് ഇവര്‍ കയ്യില്‍ കരുതിയിരിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി.
'പരീക്ഷയുണ്ടായിരുന്നു. രണ്ട് മണിയായിട്ടും പരീക്ഷ ഹാളിലെത്താതിരുന്നതോടെ ടീച്ചര്‍ വിളിച്ചു. അപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അഞ്ചരയായിട്ടും മകള്‍ തിരിച്ചെത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. അവര്‍ അപ്പോള്‍ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു,' ഫാത്തിമ ഷഹാദയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തിരിച്ചെത്താനുള്ള പൈസ മാത്രം മതിയെന്ന് പറഞ്ഞ് ആകെ അഞ്ച് രൂപ മാത്രമാണ് പഴ്‌സില്‍ നിന്ന് എടുത്തതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ യൂണിഫോമിലാണ് മകള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് അശ്വതിയുടെ പിതാവും ആവര്‍ത്തിച്ചു. മറ്റ് വസ്ത്രങ്ങള്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോടാണ് ഇരുവരുടേയും അവസാന ടവര്‍ ലൊക്കേഷന്‍. ഇന്നലെ രാത്രി മുതല്‍ ഫോണ് സ്വിച്ച് ഓഫാണെന്നും ഇരുവരുടേയും കുടുംബങ്ങള്‍ പറഞ്ഞു. അതേസമയം ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യൂണിഫോം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. രണ്ട് മണിയോടെ കോഴിക്കോടും എത്തി.
സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം കോഴിക്കോട്ടേക്കും മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
Content Highlight: Tanur Students Missing Case: parents says both left home in uniform