
മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ വീടു വിട്ട് ഇറങ്ങിയതാണെന്ന് കുട്ടികളുടെ കൂടെ പോയ എടവണ്ണ സ്വദേശി റഹീം അസ്‌ലം. പെൺകുട്ടികളെ ഒരുപാട് തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവർ സമ്മതിച്ചില്ല. പെൺകുട്ടികളുടെ സുരക്ഷ മാനിച്ചാണ് അവരുടെ കൂടെ മുംബൈയിലേക്ക് പോയതെന്നും റഹീം അസ്‌ലം പൊലീസിനോട് പറഞ്ഞു.
പെൺകുട്ടികളുമായി സുഹൃത്ത് ബന്ധം മാത്രമാണ് തനിക്കുളളതെന്നും റഹീം പറഞ്ഞു. തന്റെ കൂടെ ഇപ്പോൾ പെൺകുട്ടികൾ ഇല്ല. താനും അവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. മുംബൈയിൽ വെച്ച് പെൺകുട്ടികൾ മറ്റൊരു മൊബൈൽ ഫോൺ വാങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് പെൺകുട്ടികൾക്കൊപ്പമാണ് താനും മുംബൈയിൽ എത്തിയതെന്നും റഹീം പൊലീസിനോട് പറഞ്ഞു.
കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇരുവരും മുംബൈയിലുളള ഒരു സലൂണിലെത്തി മുടി മുറിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നമുക്ക് ഇവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടാം എന്ന് കുട്ടികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
സലൂണിൽ പെൺകുട്ടികൾ 5000ലധികം രൂപ ചെലവാക്കിയെന്ന് സലൂൺ ഉടമ ലൂസി റിപ്പോർട്ടറിനോട് പറഞ്ഞു. പെൺകുട്ടികൾ മുഖം മറച്ചാണ് എത്തിയത്. പെൺകുട്ടികളുമായി സംസാരിച്ചിരുന്നു. മഞ്ചേരിയിൽ നിന്നാണ് വരുന്നതെന്നാണ് അവർ പറഞ്ഞത്. തന്റെ ഫോൺ വാങ്ങി അവർ മറ്റൊരാളെ വിളിച്ചുവെന്നും പിന്നീട് അവിടെ നിന്ന് പെട്ടെന്ന് ഇറങ്ങിയെന്നും സലൂൺ ഉടമ പറഞ്ഞു. കുട്ടികളുടെ കയ്യിൽ ധാരാളം പണം ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുണ്ട്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് ഫാത്തിമ ഷഹാദയും അശ്വതിയും. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Tanur Missing Girls They Left from Home Says by Raheem Aslam Who Went with Children to Mumbai