വീട്ടിൽ 42 തെരുവുനായ്ക്കൾ; പൊറുതിമുട്ടി നാട്ടുകാർ, യുവതിക്ക് നായ വളർത്തൽ കേന്ദ്രത്തിന് ലെെസൻസില്ലെന്ന് എംഎൽഎ

എല്ലാ നായ്ക്കളെയും വന്ധ്യംകരിച്ച് വാക്സിനെടുത്തവ ആണെന്നും, ജോലിക്കാരെ വെച്ച് വീട് വൃത്തിയാക്കാറുണ്ടെന്നും നായ്ക്കൾ നാട്ടുകാർക്ക് ഒരു ശല്ല്യവും ഉണ്ടാക്കുന്നില്ലെന്നും യുവതി പറയുന്നു.

dot image

കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ വാടകവീട്ടിൽ 42 തെരുവുനായകളെ പാർപ്പിച്ച യുവതിയ്ക്ക് നായ വളർത്തൽ കേന്ദ്രത്തിനുള്ള ലൈസൻസില്ലെന്ന് ജില്ലാ കളക്ടർ. തെരുവില്‍ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വീട്ടില്‍ കൂട്ടമായി പാര്‍പ്പിച്ചെന്നാണ് യുവതിക്ക് എതിരെ ഉയർന്ന പരാതി.

ദുര്‍ഗന്ധം സഹിക്കാന്‍ കഴിയുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ഇന്നലെ മുതൽ യുവതിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ശ്രീനിജൻ എം എൽ എയുടെ നേതൃത്വത്തിൽ നാട്ടുകാരെത്തി വീടിന്റെ മതിൽ പൊളിച്ചെന്നും നായകൾ പുറത്ത് പോവാതിരിക്കാൻ വേണ്ടിയുള്ള ഫെൻസിം​ഗ് തകർത്തെന്നും യുവതി ആരോപിച്ചു.

വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെയാണ് യുവതി കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരുന്നത്. അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായെന്നും ഇതേതുടര്‍ന്നാണാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നുമാണ് നാട്ടുകാരുടെ വാദം.അതേ സമയം എല്ലാ നായ്ക്കളെയും വന്ധ്യംകരിച്ച് വാക്സിനെടുത്തവ ആണെന്നും ജോലിക്കാരെ വെച്ച് വീട് വൃത്തിയാക്കാറുണ്ടെന്നും നായ്ക്കൾ നാട്ടുകാർക്ക് ഒരു ശല്ല്യവും ഉണ്ടാക്കുന്നില്ലെന്നും യുവതി പറയുന്നു.

ജനപ്രതിനിധിയെന്നുള്ള നിലയ്ക്ക് താൻ സംഭവസ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തത് എന്നും യുവതി ഒട്ടും സഹകരിച്ചില്ലെന്നും പിവി ശ്രീനിജൻ എംഎൽഎ പ്രതികരിച്ചു. താൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിട്ടില്ല. വീടിന്റെ ഉടമയുടെ മകൻ എത്തിയിട്ടും പരിശോധിക്കാൻ അനുമതി നൽകിയില്ല. തുടർന്ന് വീട്ടുടമസ്ഥരാണ് വീട്ടിലേക്ക് കയറിയത് എന്നും തനിക്കെതിരെ കേസെടുത്താൽ നിയമപരമായി നേരിടും എന്നും എംഎൽഎ വ്യക്തമാക്കി.

നായകളെ വീട്ടിൽ സംരക്ഷിക്കുമ്പോൾ പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണം. നിലവിൽ കുന്നത്തുനാട് പഞ്ചായത്തിൽ നിന്ന് അത്തരം അനുമതിയില്ല. ജില്ലാ കലക്ടറെ ബന്ധപ്പെട്ട് ആർഡിഒയെ അയച്ചു. ആർഡിഒയുടെ റിപ്പോർട്ടിലും ഇത്തരം കണ്ടെത്തലുകൾ ഉണ്ടെന്നും അന്തിമ തീരുമാനം കലക്ടർ എടുക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

content highlights : 42 stray dogs in rented house in Kochi; MLA says woman does not have license to run dog breeding center

dot image
To advertise here,contact us
dot image