
കൊല്ലം: സഹകരണ രംഗത്തെ തെറ്റായ പ്രവണതകൾ സംബന്ധിച്ച് വിശദമായി ചൂണ്ടിക്കാണിച്ച് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. ബാങ്കിൻ്റെ നിയമങ്ങൾ കാറ്റിൽപറത്തി ലോണുകൾ സ്വയം വാങ്ങുകയും സംഘടിപ്പിച്ച് നൽകുകയും ചെയ്യുന്ന രീതിയും ചിലയിടങ്ങളിൽ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബാങ്കുകളിൽ നിന്ന് തെറ്റായ രീതിയിൽ പണം പിൻവലിച്ച് കൈവശപ്പെടുത്തിയെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം വായ്പകൾ തിരിച്ചടയ്ക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ലോൺ വാല്യുവേഷനിൽ ഗുരുതരമായ വീഴ്ചയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അവയെല്ലാം പരിശോധിച്ച് തിരുത്തി പോകുന്നതിന് കഴിയേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ഏരിയാ കമ്മിറ്റി വരെയുള്ള നേതാക്കൾ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളുടെ വിശദാംശങ്ങളും തിരിച്ചടവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സെൻ്ററിൽ അറിയിക്കണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഒഴികെ മറ്റൊരു ജില്ലാ കമ്മിറ്റിയും ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
സഹകരണ രംഗത്തെ തെറ്റായ പ്രവണതകൾ അവസാനിപ്പിച്ച് മുന്നോട്ടു പോകണമെന്ന നിലയിൽ എടുത്ത മുൻതീരുമാനം റിപ്പോർട്ടിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. രണ്ടു ടേമിൽ കൂടുതൽ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന നേരത്തെയെടുത്ത തീരുമാനവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Content Highlights: CPIM State conference party report praise kannur district committee