
കൊല്ലം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന പ്രശ്നം പല സഖാക്കൾക്കെതിരെയും ഉയർന്ന് വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി സിപിഐഎമ്മിൻ്റെ പ്രവർത്തന റിപ്പോർട്ട്. അനധികൃത സ്വത്തു സമ്പാദനത്തിനെതിരായി നിലപാട് എടുത്തത്തിൻ്റെ പേരിൽ പ്രതികാര നടപടിക്ക് വിധേയരാകുന്നുവെന്ന പരാതികൾ ഉയർന്ന് വന്നിട്ടുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.
കണക്കിൽ പെടാത്ത പണം ഉപയോഗിച്ച് കൂട്ടുകച്ചവടങ്ങൾ നടത്തിയ ശേഷം പണം ലഭിക്കാതെ വരുമ്പോൾ പുറത്ത് പറയാൻ പറ്റാതെ നിൽക്കേണ്ടി വരുന്നവരെ സംബന്ധിച്ചുമുള്ള പരാതികളും ഉയർന്ന് വരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആരോപണങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ച് തിരുത്തുന്നതിന് പാർട്ടിക്ക് കഴിയേണ്ടതുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നമ്മളുടെ ഓരോരുത്തരുടേയും വരുമാനം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഓരോ വർഷവും മെമ്പർഷിപ്പ് പുതുക്കുന്ന ഘട്ടത്തിൽ നൽകുന്ന സ്വത്ത് വിവരങ്ങളുടെ സ്റ്റേറ്റ്മെൻ്റ് അതത് ഘടകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും സാമ്പത്തിക സബ്കമ്മിറ്റി ഈ ഉത്തരവാദിത്വം നിർവ്വഹിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കർശന പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകണം എന്നാണ് നിർദ്ദേശം.
Content Highlights: CPIM report criticize leaders Illegal acquisition of wealth