
കൊല്ലം: സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. പാർട്ടി ചുമതലകൾ നിർവഹിക്കുന്നതിൽ നേതാക്കൾ നടത്തുന്ന ഇടപെടൽ വിശകലനം ചെയ്യുന്ന ഭാഗത്താണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. പി ബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയൻ പാർട്ടി കേന്ദ്രത്തെ സഹായിക്കാൻ തയ്യാറാവുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാരിൻ്റെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പിണറായി വിജയൻ എകെജി സെൻ്ററിൽ വരാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിനെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ക്യാംപയിൻ രംഗത്തും സജീവമായി ഇടപെടുന്ന പിണറായി വിജയൻ പരമാവധി സമയം നൽകി പാർട്ടിയെ സഹായിക്കുന്നുണ്ട്. മാതൃകാപരമായ ഒരു രീതിയാണിതെന്നും റിപ്പോർട്ട് പ്രശംസിക്കുന്നു.
മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ടിൽ പ്രതിരോധം തീർക്കുന്നുണ്ട്. മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോർട്ട് പറഞ്ഞു വെയ്ക്കുന്നു.
കെകെ ശൈലജയെയും റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ പരാമർശം.
കെ എൻ ബാലഗോപാൽ, പി രാജീവ് അടക്കമുള്ളവരുടെ പാർലമെൻ്ററി സംഘടനാ പ്രവർത്തനങ്ങളെയും റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. പി രാജീവ് എറണാകുളം ജില്ലാ കമ്മിറ്റിയെ സംഘടനാ രംഗത്ത് സഹായിച്ചാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. നിയമസഭയിലും പുറത്തും ഗവൺമെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രത്യേകിച്ചും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നന്നായി പ്രതികരിച്ച് വ്യക്തത വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പ്രശംസയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് കെ എൻ ബാലഗോപാലിനുള്ള പ്രശംസ.
തോമസ് ഐസക്കിനും എം സ്വരാജിനും റിപ്പോർട്ടിൽ ഉപദേശവും നൽകുന്നുണ്ട്. അവൈലവബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നാണ് ഇരുവർക്കുമുള്ള നിർദ്ദേശം. ഇരുവരും മറ്റ് ചുമതലകൾ തൃപ്തികരമായി നിർവ്വഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Content Highlights: CPIM State conference party Report praise pinarayi viajayan and kk shylaja