നിർവികാരനായി അഫാൻ സ്വന്തം വീട്ടിലെത്തി, കുറ്റകൃത്യം ചെയ്തത് എങ്ങനെയെന്ന് വിവരിച്ചു; തെളിവെടുപ്പ് പൂർത്തിയായി

അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ.

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനുമായി പാങ്ങോടുളള പിതൃമാതാവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട സൽമ ബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു, കനത്ത സുരക്ഷയിലാണ് പ്രതിയെ വീട്ടിലെത്തിച്ചത്.

അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലുളള വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിന് വിവരിച്ചുകൊടുത്തു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്.

അഫാൻ ബന്ധുക്കളെയും കാമുകിയേയും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തുമെന്ന് വിവരമുണ്ടായിരുന്നു. അഫാൻ ആദ്യം കൊലപ്പെടുത്തിയത് സൽമ ബീവിയെയാണ്. സൽമ ബീവിയുടെ വീട്ടിലെത്തിയ അഫാൻ മുത്തശ്ശിയോട് സ്വർണ മാല ഊരിത്തരാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് സൽമ ബീവിയെ അഫാൻ കൊലപ്പെടുത്തിയത്.

മാല പണയം വെച്ച സ്ഥാപനത്തിൽ എത്തിച്ചും തെളിവെടുപ്പ് നടക്കും. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോ​ഗസ്ഥരേയും നിയോ​ഗിച്ചിരുന്നു.

ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോ​ഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാൻ ആവർത്തിച്ചത്.

വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ ഇനി എന്ത് എന്ന് അറിയാതെ വന്നുവെന്നും ഇതോടെയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു.

ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Content Highlights: Venjaramood Murder Case Police Evidence Collection with Afan in Pangode

dot image
To advertise here,contact us
dot image