
കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് സിഡബ്ല്യുസി. താമരശ്ശേരി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. സിഡബ്ല്യുസി പോലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.11ന് അടിയന്തര ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരും.
അതേ സമയം ഷഹബാസിന്റെ വീട്ടിൽ സൈബർസെൽ സംഘവും പൊലീസും പരിശോധന നടത്തിയിരുന്നു. ഷഹബാസ് ഉപയോഗിച്ച ഫോൺ സൈബർസെൽ സംഘവും പൊലീസും പരിശോധിച്ചു. ഇതിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സൈബർ അംഗങ്ങൾക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘവും അന്വേഷണം തുടരുകയാണ്.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു.
ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlights : Muhammed Shahabas' murder; CWC report says Thamarassery Child Protection Committee committed serious lapses