തുറന്ന കോടതി മുറിയില്‍ അഭിഭാഷകയെ വേദനിപ്പിച്ച പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് എ ബദറുദ്ദീന്‍

ചീഫ് ജസ്റ്റിസിന് മുന്നിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഖേദം പ്രകടിപ്പിച്ചത്

dot image

കൊച്ചി: തുറന്ന കോടതി മുറിയില്‍ അഭിഭാഷകയെ വേദനിപ്പിച്ച പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് എ ബദറുദ്ദീന്‍. ചീഫ് ജസ്റ്റിസിന് മുന്നിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഖേദം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷക അസോസിയേഷന് വനിതാ അഭിഭാഷക കത്തയച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അഡ്വ. അലക്സ് എം. സ്‌കറിയ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സരിതയും അഭിഭാഷകയാണ്. അലകസ് എം സ്‌കറിയ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്റെ വക്കാലത്ത് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. മാര്‍ച്ച് ആറിന് പരിഗണിക്കാന്‍ കേസ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

കേസ് പരിഗണിക്കവേ അഡ്വ സരിത ഹാജരാവുകയും ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതുമാണ് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിച്ചത്. കേസുകള്‍ നീട്ടിക്കൊണ്ടു പോവാനില്ലെന്നായിരുന്നു ജസ്റ്റിസ് ബദറുദ്ദീന്റെ നിലപാട്. അലക്‌സിനേയും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും അറിയില്ലെന്ന നിലയിലായിരുന്നു ജസ്റ്റിസിന്റെ പെരുമാറ്റവും. ജസ്റ്റിസ് ബദറുദ്ദീന്റെ വാക്കുകള്‍ സരിതയെ വേദനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസ് ബദറുദ്ദീനെതിരെ അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

Content Highlights- justice badaruddhin apologise on his controversial statement against woman advocate

dot image
To advertise here,contact us
dot image