
മലപ്പുറം: താനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനികൾ നാട് വിട്ട സംഭവത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീം (26) ആണ് അറസ്റ്റിലായത്. താനൂർ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടികൊണ്ട് പോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാർലറിൽ എത്തിയത് യാദൃശ്ചികമായാണെന്നും പൊലീസ് കണ്ടെത്തി. താനൂർ പൊലീസിന്റെ സംഘത്തോടൊപ്പമായിരുന്നു വിദ്യാർത്ഥിനികൾ ഇന്ന് തിരൂരിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൗൺസിലിങ് നൽകി വീട്ടുകാർക്കൊപ്പം അയയ്ക്കും.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഈ വിവരങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
Content Highlight: Kozhikode native arrested in Tanur students case