താനൂരിലെ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും; പൊലീസിന് മന്ത്രിയുടെ അഭിനന്ദനം

കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു

dot image

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ വളരെ പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്നും ഇതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. സിഡബ്ല്യുസിയും ഇന്ന് മൊഴി രേഖപ്പെടുത്തും. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിപ്പിക്കുകയും ഒടുവില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഈ വിവരങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. നിലവില്‍ കെയര്‍ ഹോമിലേക്ക് മാറ്റിയ കുട്ടികളെ താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നാട്ടിലെത്തിക്കും.

Content Highlights: Minister V Sivankutty congrats Kerala Police in Thanoor case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us