
മലപ്പുറം: ലഹരിക്കെതിരായ പോരാട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കൊപ്പമുണ്ടെന്ന് മുസ്ലീം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. യുവജനങ്ങളാണ് ലഹരിയുടെ ഇരകള്‍. അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും റിപ്പോർട്ടറിൻ്റെ മഹാവാഹന റാലിയില്‍ പങ്കെടുത്തുകൊണ്ട് തങ്ങള്‍ പ്രതികരിച്ചു. പാണക്കാട് മുനവ്വറലി തങ്ങളും യുഎ ലത്തീഫ് എംഎല്‍എയും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ ടീമും നാട്ടുകാരും ചേര്‍ന്നാണ് മലപ്പുറം മഞ്ചേരിയില്‍ മഹാവാഹനറാലി ഫ്‌ളാഗ് ഓഫ് ചെയ്തത്.
'യുവജനങ്ങളാണ് ലഹരിയുടെ ഇരകള്‍. അവര്‍ റിയാലിറ്റിയില്‍ നിന്നും റീല്‍സിലേക്ക് മാറുന്നു. ഒറ്റപ്പെടുന്ന യുവത്വമാണ്. അവര്‍ക്ക് ആസ്വാദനം കിട്ടുന്ന ഏതും ഓപ്ഷനായി എടുക്കും. അവരെ വിമുക്തമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ടേക്ക് വരേണ്ടതുണ്ട്', അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ ബോധവല്‍ക്കരണം യൂത്ത് ലീഗ് നേരത്തെ ആരംഭിച്ചെന്നും തങ്ങള്‍ പറഞ്ഞു. ലഹരി ഉപയോഗം പിന്നീട് ക്രൈം ചെയ്യുന്നതിലേക്ക് മാറുന്നു. ലഹരി ഉണ്ടാക്കുന്ന ആഘാതം ചെറുതല്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായാണ് റിപ്പോര്‍ട്ടര്‍ ടി വി മഹാവാഹന റാലി സംഘടിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിയില്‍ നിന്നും രംഭിച്ച റാലിക്ക് അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കും. കോഴിക്കോട് ബീച്ചില്‍ രാത്രി 8 മണിക്ക് മഹാസമ്മേളനം അവസാനിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാമ്പയിനാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിടുന്നത്. അതത് പ്രദേശങ്ങളിലെ നാട്ടുകാരും ക്ലബുകളും ക്യാമ്പയിനിന്റെ ഭാഗമാകും. അതിന്റെ ആദ്യദിനമാണ് ഇന്ന്.
Content Highlights: Youth League President Munavarali Shihab Thangal Support Reporter TV Campaign against Drugs