'വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തും; പാർട്ടി ജനങ്ങൾക്കായി പ്രവർ‌ത്തിക്കണം': എം വി ഗോവിന്ദൻ

പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദൻ

dot image

കൊല്ലം:വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവീകരണത്തിനുള്ള മാർഗങ്ങളാണ് നടക്കുന്നത്, അതിൻറെ ഭാഗമായിട്ടാണ് വിമർശനങ്ങളെ കാണുന്നത്. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദൻ.

പി പി ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. പി പി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം സമ്മേളനത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി. വിഷയം പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തിലാണ് പി പി ദിവ്യക്കെതിരെ വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തിയത്.

നവീൻ ബാബു വിഷയത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നേരെയും വിമർശനമുയർന്നു. തെറ്റുകളോട് സന്ധിചെയ്യുന്ന നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിച്ചതെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രി പിണാറായി വിജയൻ നിയമസഭയിലും ഒറ്റക്കാണെന്ന ‌വിമര്‍ശനവും സമ്മേളനത്തിൽ ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ നേതൃത്വം മുന്നോട്ടുവരുന്നില്ല. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും മാത്രമാണ് മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ എത്തുന്നതെന്നും കോഴിക്കോട് നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയും വിമർശനമുയർന്നിരുന്നു. ആശ വര്‍ക്കര്‍മാരുടെ സമരം വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് വിമര്‍ശനം. നേരത്തെ ചര്‍ച്ച നടത്തിയിട്ടും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ വീണാ ജോര്‍ജ് ചെയ്തില്ല. അവരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായി. കൊല്ലം ആശ്രാമം മൈതാനത്ത് ആറിന് ആരംഭിച്ച സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച സമാപനമാകും.

Content Highlights: MV Govindan Says We Will Correct the Criticisms in CPIM State Conference

dot image
To advertise here,contact us
dot image