'നിരന്തരം ഉപദ്രവിച്ചിരുന്നു; സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്'; പൊലീസിന് മൊഴി നല്‍കി ചെന്താമരയുടെ ഭാര്യ

ചെന്താമരയുടെ ഭാര്യ എന്ന നിലയില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്നും മൊഴി

dot image

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലാണ് ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയത്. ചെന്താമര നിരന്തരം ഉപദ്രവിച്ചിരുന്നതായി ഭാര്യ മൊഴി നല്‍കി.

സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും ചെന്താമരയുടെ ഭാര്യ പൊലീസിനോട് വ്യക്തമാക്കി. ചെന്താമരയുടെ ഭാര്യ എന്ന നിലയില്‍ അറിയപ്പെടാന്‍ താത്പര്യമില്ല. അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നത്. താന്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പോലും ചെന്താമരയ്ക്ക് അറിയില്ലെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.

പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയും അയല്‍വാസിയായ പുഷ്പയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പിടിയിലായ ചെന്താമരയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര വകവരുത്തിയത്. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിയൊളിച്ച ചെന്താമരയെ ഏറെ ശ്രമകരമായാണ് പൊലീസ് പിടികൂടിയത്. നിലവില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമരയുള്ളത്.

Content Highlights- Police take statement of wife of chenthamara on pothundi twin murder case

dot image
To advertise here,contact us
dot image