പ്രായപരിധി മാനദണ്ഡത്തില്‍ 11 പേരെ ഒഴിവാക്കും; തലമുറ മാറ്റത്തിനൊരുങ്ങി സിപിഐഎം

പുതിയ ജില്ലാ സെക്രട്ടറിമാരില്‍ അഞ്ച് പേര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും

dot image

കൊല്ലം: സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും. 2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ.

കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ രാജഗോപാലിനെയും കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി ഒഴിവാക്കിയേക്കും. ഇ എന്‍ മോഹന്‍ദാസ്, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ, സി എന്‍ ദിനേശ് മണി, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവായേക്കും.

പി കെ ശ്രീമതി (കണ്ണൂര്‍), എ കെ ബാലന്‍ (പാലക്കാട് ), ആനാവൂര്‍ നാഗപ്പന്‍ (തിരുവനന്തപുരം), പി നന്ദകുമാര്‍ (മലപ്പുറം), എന്‍ ആര്‍ ബാലന്‍ (തൃശൂര്‍), എം കെ കണ്ണന്‍ (തൃശൂര്‍), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), എന്‍ വി ബാലകൃഷ്ണന്‍ (കാസര്‍കോട്), പി രാജേന്ദ്രന്‍ (കൊല്ലം), കെ വരദരാജന്‍ (കൊല്ലം), എസ് രാജേന്ദ്രന്‍ (കൊല്ലം) എന്നിവരെയാണ് പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കുന്നത്.

പുതിയ ജില്ലാ സെക്രട്ടറിമാരില്‍ അഞ്ച് പേര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും. ആറ് ജില്ലാ സെക്രട്ടറിമാരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാം നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. എം രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വി പി അനില്‍ (മലപ്പുറം), കെ വി അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍) എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും. നിലവില്‍ സംസ്ഥാന സമിതിയിലെ സ്ഥരം ക്ഷണിതാക്കളായ ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെത്തും.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും പുതിയതായി കമ്മിറ്റിയില്‍ ഇടംപിടിക്കും. ഡിവൈഎഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി കെ ശ്രീമതിക്ക് പകരം വനിതയെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ കണ്ണൂരില്‍ നിന്നും എന്‍ സുകന്യക്കോ അനുശ്രീക്കോ ഇടം കിട്ടിയേക്കും. തൃശ്ശൂരില്‍ നിന്നും യു പി ജോസഫും മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന കമ്മിറ്റിയില്‍ എത്തും.

കോട്ടയത്ത് നിന്ന് റെജി സക്കറിയ, എറണാകുളത്ത് നിന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരന്‍ എന്നിവരും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.നിലവിലെ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം അഡ്വ. പുഷ്പദാസും പരിഗണനയിലുണ്ട്. കൊല്ലത്ത് നിന്നും എം നൗഷാദും എക്‌സ് ഏണസ്റ്റും എസ് ജയമോഹനും പരിഗണനയില്‍. തിരുവനന്തപുരത്ത് നിന്നും ഐ ബി സതീഷോ വി കെ പ്രശാന്തോ ആര്യാ രാജേന്ദ്രനോ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടിയേക്കാം.

Content Highlights: 21 party members may be removed from the CPI(M) state committee

dot image
To advertise here,contact us
dot image