
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്‍ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി ജയരാജന് ഇടമില്ല. കഴിഞ്ഞ തവണയും ഇടം നേടാനാവാതെ പോയ ജയരാജന്‍ ഇക്കുറി സെക്രട്ടറിയേറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ പി ജയരാജന്‍ എല്ലാം സംസ്ഥാന നേതൃത്വം പറയുമെന്ന് മാത്രമാണ് പ്രതികരിച്ചത്.
കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി ജയരാജന്‍ പരിഗണിക്കപ്പെടുമെന്നുമായിരുന്നു അണികളുടെ പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ തഴയുകയായിരുന്നു. ഇക്കുറി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തിയില്ലെങ്കില്‍ ഇനി പി ജയരാജന് അവസരം ഉണ്ടാകില്ല. ആ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരില്‍ നിന്ന് ആരെത്തുമെന്ന ആകാംക്ഷയിലായിരുന്നു കേരളം.
അടുത്ത സമ്മേളനമാവുമ്പോള്‍ പി ജയരാജന് പ്രായം 75 കടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍സ്രില്‍ സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചിരുന്നു. നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലെ സീനിയര്‍ അംഗങ്ങളില്‍ ഒരാളാണ്. ഈ സാഹചര്യത്തില്‍ പി ജയരാജനെ പരിഗണിക്കണമെന്ന് അണികളില്‍ വികാരം ശക്തമായിരുന്നു.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങളാണ് ഇടം നേടിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ തുടരും. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണ 89 പേരാണ് ഇടംപിടിച്ചത്. ഇതില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്.
കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം പ്രകാശന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ് സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. സൂസന്‍ കോടി, പി ഗഗാറിന്‍ എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടി.
Content Highlight: CPIM state secretariat: P Jayarajan denied place again