
പത്തനംതിട്ട: ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്ന പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ചെറിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ജാമ്യം നല്‍കുന്ന സമ്പ്രദായം മാറ്റണം. നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിനിമകള്‍ യുവജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി സാമൂഹിക വിപത്താണ്. ലഹരിയുടെ സ്വാധീനം അടിമുടി യുവാക്കളെ സ്വാധീനിച്ചു കഴിഞ്ഞു. ഇതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണം. ചില ഓഫീസര്‍മാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന തരത്തില്‍ സംസാരങ്ങളുണ്ട്. നിജസ്ഥിതി അറിയില്ല. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
സിനിമകൊണ്ട് മാത്രമാണ് ഇതെല്ലാം നടക്കുന്നതെന്ന അഭിപ്രായം ഇല്ല. സിനിമ പ്രധാനപ്പെട്ട ഘടകമാണ്. സിനിമ പെട്ടെന്ന് യുവാക്കളെ സ്വാധീനിക്കും. സെന്‍സര്‍ ബോര്‍ഡ് ജാഗ്രത പുലര്‍ത്തണം. ഹിംസയെ സിനിമയില്‍ ആദര്‍ശവല്‍ക്കരിക്കുന്നു. കൊച്ചി പഴയ കൊച്ചിയല്ല എന്നത് സിനിമാ ഡയലോഗല്ല യാഥാര്‍ത്ഥ്യമാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Dr Mor Coorilos Geevarghese against drugs