
പത്തനംതിട്ട: തിരുവല്ലയില്‍ പത്ത് വയസ്സുകാരനായ മകനെ കാരിയറാക്കി പിതാവ് എംഡിഎംഎ വിറ്റ കേസില്‍ പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഒരുങ്ങി തിരുവല്ല പൊലീസ്. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. കര്‍ണാടക ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കൂടുതല്‍ അളവില്‍ എംഡിഎംഎ പ്രതി സൂക്ഷിച്ചു വെച്ചിട്ടുള്ളതായാണ് പൊലീസിന്റെ നിഗമനം. പ്രതിക്ക് എംഡിഎംഎ കിട്ടിയതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
എംഡിഎംഎ പ്ലാസ്റ്റിക് കവറില്‍ നിറച്ച ശേഷം മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്നാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നത്. ഇയാളിൽ നിന്നും 3.78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യും.മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.
Content Highlights :Father uses son as carrier to sell MDMA; Police prepare to file custody application for accused