എംഡിഎംഎ പൊതി വിഴുങ്ങി യുവാവിന്‍റെ മരണം; രാസ ലഹരി രക്തവുമായി കലർന്നെന്ന് നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്

dot image

കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിനെ ഭയന്ന് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വയറ്റിൽ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പൊതി ഇയാൾ വിഴുങ്ങിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില മോശമായതോടെ ഇന്നലെ രാവിലെയോടെയാണ് ഷാനിദ് മരിച്ചത്. ഇയാൾക്കെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലഹരി മരുന്നുപയോഗിച്ചതിനും കൈവശം വെച്ചതിനുമായിരുന്നു കേസ്. അമ്പായത്തോട്, താമരശ്ശേരി ഭാ​ഗങ്ങളിൽ വൻതോതിൽ ലഹരി ഇയാൾ വിൽക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു.

പിടികൂടുമ്പോൾ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി​ഗതികൾ സങ്കീർണമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി.

തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപിക്ക് വിധേയമാക്കുകയും വയറ്റിൽ രണ്ട് പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ശേഷമാണ് ഷാനിദ് ലഹരി വിൽപനയിൽ സജീവമാകുന്നത്.

Content Highlights: Shanid's post-mortem will be conducted today

dot image
To advertise here,contact us
dot image