താനൂരിലെ പെൺകുട്ടികളെ സിഡബ്ല്യൂസി കെയർ ഹോമിലേക്ക് മാറ്റി; കൗൺസിലിങ്ങിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പൊലീസും സിഡബ്ല്യൂസിയും രേഖപ്പെടുത്തിയിരുന്നു.

dot image

മലപ്പുറം: താനൂരിൽ നിന്നും കാണാതായി മുംബെെയില്‍ നിന്നും കണ്ടെത്തിയ പെൺകുട്ടികളെ സിഡബ്ല്യൂസി കെയർ ഹോമിലേക്ക് മാറ്റി. വിശദമായ കൗൺസിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാർക്ക് വിട്ട് നൽകുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പൊലീസും സിഡബ്ല്യൂസിയും രേഖപ്പെടുത്തിയിരുന്നു.

തിരൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തവനൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ പെൺകുട്ടികളെ ഹാജരാക്കിയിരുന്നു. താനൂർ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പെൺകുട്ടികളെ മുംബൈയിൽ നിന്ന് തിരൂരിലേക്ക് എത്തിച്ചത്.

കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് യാദൃശ്ചികമായാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതെ സമയം വിദ്യാർത്ഥികൾക്ക്‌ നാടുവിടാൻ സഹായം ചെയ്തുകൊടുത്ത എടവണ്ണ സ്വദേശി അക്ബർ റഹീമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാണാതയ സംഭവവുമായി ബന്ധപ്പെട്ടുളള കുട്ടികളുടെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ, തിരിച്ചറിയുന്ന വിധത്തിലുളള മറ്റ് വിവരങ്ങൾ എന്നിവയും കുട്ടികൾക്ക് മാനസിക പ്രയാസങ്ങളുണ്ടാക്കുന്ന പരാമർശങ്ങളും പ്രചരിപ്പിക്കരുത് എന്ന പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂർ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.

Content Highlights: Girls Who Went From Tanur Transfered to CWC Care Home

dot image
To advertise here,contact us
dot image