
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് നേരത്തെ വന്നതാണെന്ന് മന്ത്രി കെ രാജൻ. എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള അന്വേഷണം ആണ് നടന്നത്. പൊലീസ് അന്വേഷിക്കുന്ന വിഷയമാണിത്. ലാന്‍റ് റവന്യൂ റിപ്പോർട്ട് അന്വേഷണത്തിന് ആവശ്യമെങ്കിൽ പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടത് ഒന്നും റവന്യൂ വകുപ്പിന് അന്വേഷിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അത് പൊലീസിന്റെ അന്വേഷണപരിധിയിൽ ആണ്. നവീൻ ബാബുവിന്റെ കുടുംബം നടത്തിയ അഭിപ്രായത്തിൽ മറുപടി പറയുന്നില്ല.
ക്ഷണിക്കാതെ ഒരാൾ യാത്രയയപ്പ് പരിപാടിയിലേക്ക് വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് റവന്യൂ വകുപ്പ് അല്ല. ആവശ്യമെങ്കിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറെയും ചോദ്യം ചെയ്യാനുള്ള അധികാരം അന്വേഷണസംഘത്തിന് ഉണ്ടെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ഇന്നലെ പുറത്തുവന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ അദ്ദേഹം കൈക്കൂലി വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നൽകുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പി പി ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദിവ്യയുടെ ആവശ്യപ്രകാരമാണ് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രാദേശിക ചാനല്‍ പ്രതിനിധിയുടെ മൊഴിയാണ് ദിവ്യക്ക് കുരുക്കായത്. കൃത്യമായ ആസൂത്രണത്തോടെ ചടങ്ങില്‍ പങ്കെടുത്ത ദിവ്യ താന്‍ മറ്റൊരിടത്തേക്ക് പോകും വഴി വിവരമറിഞ്ഞ് എത്തിയതാണ് എന്നായിരുന്നു പ്രതികരിച്ചിരുന്നത്.
ഒക്ടോബര്‍ 11നായിരുന്നു നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ 14നാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. അന്ന് പല തവണ പി പി ദിവ്യ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രിയിലെ ഫോണ്‍ സംഭാഷണത്തില്‍ കളക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്കുവെയ്ക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ താന്‍ വിലക്കിയിരുന്നുവെന്നും എന്നാല്‍ ദിവ്യ ചടങ്ങിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: K Rajan on Land Revenue Report Over Former Kannur ADM Naveen Babu Death