
കാസര്‍കോട്: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിക്കായി വ്യാപക തിരച്ചിലിന് പൊലീസ്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി പൊലീസ് സംഘം സ്ഥലത്തെത്തി.കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും പൊലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് വ്യാപക തിരച്ചിലിന് പൊലീസ് തയ്യാറായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഇതേ ദിവസം തന്നെ പ്രദേശവാസിയായ 42കാരനേയും കാണാതായിട്ടുണ്ട്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയതാണോ എന്നതടക്കം സംശയങ്ങളുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കാസര്‍കോടിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights-Police spread search inside forest for 15 years old girl who missed from paivilaga