
കൊല്ലം : പാർട്ടിയുടെ വളർച്ചയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ജനങ്ങളിലേക്ക് എത്താൻ എന്ത് ചെയ്യണമെന്ന കാര്യം പാർട്ടി നേതാക്കൾ വിശകലനം ചെയ്തെന്ന് പറഞ്ഞ മുഖ്യമന്ത്രി മൂന്ന് വർഷക്കാലം പാർട്ടി ഒരുപാട് പ്രതിസന്ധികൾ നേരിട്ടുവെന്നും പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചു. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നഷ്ടമായി. വായ്പാ പരിധി ന്യായീകരിക്കാൻ കഴിയാത്ത രീതിയിൽ വെട്ടിച്ചുരുക്കിയെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി.
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാറിൽ നിന്നും ഇനി സഹായങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു. കേരളത്തിന് മാത്രം സഹായം ലഭിച്ചിട്ടില്ല. ഒരു നാടിനോട് കേന്ദ്രസർക്കാർ എത്ര മാത്രം ക്രൂരമായ വിരോധം കാണിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വയനാട് ഉരുൾപൊട്ടലിന് നിഷേധിച്ച കേന്ദ്രസഹായമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കേരള വിരുദ്ധ സമീപനമാണ് കേന്ദ്രം വെച്ചു പുലർത്തുന്നത്. കേരളം ബിജെപിക്ക് അന്യമായ സാഹചര്യത്തിലാണ് ഈ അവഗണന എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. അതേ സമയം ജനങ്ങളുടെ കരുത്താണ് നാടിൻ്റെ ശേഷി എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ട് പോകാൻ വിഭവസമാഹരണം ഉണ്ടാകണം. നാടിൻ്റെ താൽപ്പര്യത്തിന് വിഘാതമല്ലാത്ത നിക്ഷേപങ്ങൾ സ്വീകരിക്കും. നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണമെന്ന് സമ്മേളനം അടിവരയിടുന്നു എന്നും നേരത്തെ ഭൗതിക സാഹചര്യം അനുകൂലമായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ കേരളത്തിൽ പുതിയ സാഹചര്യം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്പർ വൺ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. വലിയ നിക്ഷേപങ്ങൾ വരുമ്പോൾ വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിക്കും. പഠിച്ച് കഴിയുമ്പോൾ ജോലി ലഭിക്കുന്ന രീതിയിലേക്ക് കേരളം മാറുമെന്നും കേരളത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
അതേ സമയം പ്രവാസികളിൽ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് നിക്ഷേപത്തിന് പ്രോത്സാഹനം നൽകണം. സമ്പാദ്യം കേരളത്തിൽ നിക്ഷേപമാക്കി മാറ്റണം എന്നും നാടിൻ്റെ വികസനത്തിന് സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭവശേഷി നാടിൻ്റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന് ചിന്തിക്കണം. കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കണം. വിഭവശേഷി അതിന് തടസ്സമാകരുതെന്നും കേരളം ശരിയായ കരുത്ത് കാണിക്കാൻ തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കേന്ദ്രത്തെ അനുകൂലിക്കാൻ വ്യഗ്രത കാണിക്കുകയാണ് മാധ്യമങ്ങളെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രം ഭരിക്കുന്നവർക്ക് രാഷ്ട്രീയ നിലപാട് കാരണം കേരളത്തോട് വിരോധം ഉണ്ടാകും എന്നും മാധ്യമങ്ങൾ എന്തിനാണ് ഈ വിരോധം കാണിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സൃഷ്ക്കായുള്ള യാത്ര ശരിയായ രീതിയിലാണെന്നും നവകേരള സൃഷ്ടിക്കായുള്ള പുതുവഴികൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിൽ പറഞ്ഞു.
content highlights : The party faced many crises in the past three years; Chief Minister says the Centre has suffocated Kerala