ആശ വര്‍ക്കര്‍മാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; സിഐടിയു നേതാവ് കെ എൻ ഗോപിനാഥിന് നോട്ടീസ് അയച്ച് ആശാ വർക്കർമാർ

കെ എന്‍ ഗോപിനാഥിൻ്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

dot image

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിഐടിയു നേതാവ് കെ എൻ ഗോപിനാഥിന് നോട്ടീസ് അയച്ച് ആശാ വർക്കർമാർ. ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമര്‍ശം.സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്നായിരുന്നു സിഐടിയു നേതാവ് കെ എൻ ഗോപിനാഥൻ്റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമർശം അടിയന്തരമായി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തി പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ് ആശ വര്‍ക്കര്‍മാര്‍ നോട്ടീസിൽ പറയുന്നത്.

കെ എന്‍ ഗോപിനാഥിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ തൻ്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും കെ എന്‍ ഗോപിനാഥ് പറഞ്ഞു. തന്റെ പ്രസംഗത്തിലെ വാചകം എതിരാളികള്‍ പ്രയോഗിച്ചു. വിഷയത്തെ ഒരു കേന്ദ്രമന്ത്രി കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും ഗോപിനാഥ് പറഞ്ഞു.

സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുള്ള സമരപ്പന്തലില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വരാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തില്‍ ഇടപെടാം എന്നായിരുന്നു പറഞ്ഞതെങ്കില്‍ അതില്‍ ഒരു മര്യാദയുണ്ട്. എന്നാല്‍ സമരപ്പന്തലില്‍ എത്തിയ കേന്ദ്രമന്ത്രി സമരക്കാര്‍ക്ക് കുട നല്‍കുകയാണ് ചെയ്തത്. അത് പ്രതീകാത്മകമായി സമരത്തിന് വീര്യം നല്‍കുന്ന ഇടപെടലാണ്. 'വെയിലും മഴയും കൊണ്ടാലും നിങ്ങള്‍ ഇവിടെ നിന്ന് എഴുന്നേറ്റ് പോകേണ്ട, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നോളൂ, എല്ലാ പിന്തുണയുമുണ്ട്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇങ്ങനെയൊരു നാടകം സുരേഷ് ഗോപി മുന്‍പും നടത്തിയിട്ടുണ്ട്. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിക്കാനായിരുന്നില്ല തന്റെ പരാമര്‍ശം. താന്‍ സ്ത്രീവിരുദ്ധനൊന്നുമല്ല. തന്റെ വായില്‍ നിന്ന് അങ്ങനെ വീണതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെ എന്‍ ഗോപിനാഥൻ പറഞ്ഞിരുന്നു.

Content Highlight : Abusive remarks against Asha workers; Asha workers send notice to CITU leader

dot image
To advertise here,contact us
dot image