
തൃശൂർ: ഇനി കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു റിപ്പോർട്ടറിനോട്. 'ആ തസ്കികയിലേക്ക് ഇനിയില്ല. ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വർക്കിങ് അറേഞ്ച്മെൻ്റ് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. തന്ത്രിമാരെയൊന്നും താൻ കണ്ടിരുന്നില്ല. ഉത്തരവ് വന്നപ്പോഴാണ് തന്ത്രമാർ തന്നെ ബഹിഷ്കരിച്ചത് അറിയുന്നത്. മുൻപ് ജോലി ചെയ്തിരുന്ന തിരുവതാകൂർ തികച്ചും വ്യത്യസ്ഥമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ള'തെന്നും ബാലു പറഞ്ഞു.
'നിലവിൽ ഈ തസ്തികയിൽ ഒരു ക്ഷേത്രത്തിലേക്കുമില്ല. ഇനി ഉത്സവങ്ങളുടെ സമയമാണ്. തന്ത്രിമാർ ചടങ്ങുകളിലൊക്കെ സ്ഥിരമായി ഉണ്ടാകും, അപ്പോഴും തന്ത്രിമാർ ഈ സമീപനം തുടർന്നാൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി. '; റിപ്പോർട്ടറിനോട് ബാലു പ്രതികരിച്ചു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ ഇടപെട്ടിട്ടുണ്ട്.
Content Highlights- 'I won't be in that position anymore, I don't want a problem in the temple because of me'; Balu on caste discrimination in Kudalmanikyam