കേരള ഭാഗ്യക്കുറി സർക്കാരിൻ്റെയും ഭാഗ്യം; നികുതിയും ലാഭവുമായി കിട്ടിയത് 14,299.68 കോടി രൂപ

ഭാഗ്യക്കുറി വിൽപ്പനയിലൂടെ കോടികളുടെ ലാഭമാണ് സർക്കാരിന് ലഭിച്ചത്

dot image

കൊച്ചി: കേരള ഭാഗ്യക്കുറി ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം നേടുന്നവരെ ഭാഗ്യവാന്മാർ എന്നാണ് നമ്മൾ പൊതുവെ വിശേഷിപ്പിക്കാറ്. എന്നാൽ സമ്മാനം കിട്ടുന്നവർ മാത്രമല്ല ഭാഗ്യക്കുറിയുടെ കാര്യത്തിൽ സർക്കാരും ഭാഗ്യവാന്മാരാണ് എന്നാണ് പുറത്ത് വരുന്ന കണക്കുകൾ പറയുന്നത്. ഭാഗ്യക്കുറി വിൽപ്പനയിലൂടെ കോടികളുടെ ലാഭമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന് 2021-22 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ 2781 കോടി രൂപ ഭാഗ്യക്കുറി വിൽപ്പനയിലൂടെ ലാഭമായി കിട്ടിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ ലാഭം ഈ കണക്കുകളിൽ ഇടംപിടിച്ചിട്ടില്ല.

കൂടാതെ ഭാഗ്യക്കുറി വിൽപ്പനയുടെ നികുതിയായി 2021-22 മുതൽ 2024 ഡിസംബർ 31 വരെ 11,518.68 കോടി രൂപയും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സർക്കാർ നിലവിൽ വിൽക്കുന്നത് ഏഴ് പ്രതിവാര ഭാഗ്യക്കുറികളും ആറ് ബംബർ ഭാഗ്യക്കുറികളുമാണ്. രണ്ടാം പിണറായി സർക്കാർ 2024 ഡിസംബർ 31 വരെ 41,138.15 കോടി രൂപയുടെ ഭാഗ്യക്കുറിയാണ് വിറ്റത്. വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് ലോട്ടറി വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ, ക്ലെയിം ചെയ്യാത്ത ടിക്കറ്റിന്റേതായി എത്ര തുക സർക്കാരിലേക്ക് കിട്ടിയെന്നത് ക്രോഡീകരിച്ചിട്ടില്ലെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു.

എന്നാൽ ലോട്ടറിയുടെ വിൽപ്പന തകൃതിയിൽ നടക്കുമ്പോഴും ലോട്ടറി ഏജന്റുമാർ ലൈസൻസ് പുതുക്കാത്ത സാഹചര്യവും ഉണ്ട്. 38,577 രജിസ്‌ട്രേഡ് ഏജന്റുമാർ ആണുള്ളത്. ഇതിൽ ലൈസൻസ് പുതുക്കാതിരിക്കുന്നത് 26,255 ഏജന്റുമാരാണ്.

Content Highlights: government earned crores of rupees in profit from lottery sales

dot image
To advertise here,contact us
dot image