കാസർകോട്ടെ 15കാരിയുടെ മരണം; കേസ് അന്വേഷണത്തില്‍ വിശദീകരണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം

കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ അഭിഭാഷകൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

dot image

കാസര്‍കോട്: പൈവളിഗയിൽ പതിനഞ്ചുകാരി മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തില്‍ വിശദീകരണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംഭവത്തിൻ്റെ കേസ് ഡയറി പരിശോധിച്ചുവെന്നും പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ അഭിഭാഷകൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി സംസാരിച്ചത്. പൊലീസ് നടപടികളുടെ നിലവാരം ഈ കോടതിയല്ല പരിശോധിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീടിന് സമീപമുള്ള വനപ്രദേശത്ത് പൊലീസ് തിരച്ചിൽ നടത്തി. ഇതിനിടെയാണ് പെൺകുട്ടിയുടേയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ആഴ്ചകളുടെ പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായി. വിശദമായ പരിശോധനയ്ക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Content Highlights-High Court directs police to provide explanation in investigation into death of 15-year-old girl


dot image
To advertise here,contact us
dot image