
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്ഷണിക്കപ്പെടേണ്ട നേതാക്കന്മാരെ പറ്റിയുള്ള തീരുമാനം പാർട്ടി എടുക്കുമെന്നും അതിൽ വി എസിന്റേതാകും ഒന്നാമത്തെ പേരെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിഎസ് ഇന്ന് ജീവിച്ചിരിക്കുന്ന സിപിഐഎമ്മിന്റെ ഏറ്റവും വലിയ നേതാവാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചു.
പല ഭാഗത്തുനിന്നും പരസ്യപ്രസ്താവന വരുന്നില്ല. ചില ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. അത് അവർ തന്നെ തിരുത്തി. പത്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തിയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം പൂർത്തിയാകുമ്പോൾ വലിയ ആത്മവിശ്വാസമാണ് പാർട്ടി സഖാക്കൾക്കും ജനങ്ങൾക്കും കൈവന്നത്.
പാർട്ടി ശരിയായ ദിശാ ബോധത്തോടെ ആരോഗ്യകരമായി മുന്നോട്ട് പോകും. ഇത്തവണ ഒരുതരം വിഭാഗീയ പ്രവണതയോ ചർച്ചകളോ സമ്മേളനങ്ങളിൽ ഉണ്ടായില്ല. തെറ്റായ ചില പ്രവണതകൾ ഉണ്ടായി. അതിനെ തിരുത്തിയാണ് സമ്മേളനം പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MV Govindan clarified VS Achuthanandan would continue to serve as special invitee to the State committee