കാസര്‍കോട് 15കാരിയും യുവാവും മരിച്ച സംഭവം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആയിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം

dot image

കാസർകോട്: പൈവളിഗയിൽ പതിനഞ്ചുകാരിയേയും അയൽവാസിയായ 42കാരനേയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആയിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം.

പെൺകുട്ടിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികൾ തൽക്കാലം അവസാനിപ്പിക്കുന്നില്ലെന്നും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തത വന്നശേഷം തീരുമാനം എടുക്കുമെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. തുടർന്നായിരുന്നു കേസ് ഡയറി വിളിച്ചു വരുത്താനുള്ള ഇടക്കാല ഉത്തരവിറക്കിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കാലതാമസം വരുത്താതെ വേഗത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ തന്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ വാദം.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെയാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് വ്യക്തമായിരുന്നു.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.

Content Highlights: 15-year-old girl and her neighbor found dead in Paivaliga Case diary to be presented in High Court today

dot image
To advertise here,contact us
dot image