
പത്തനംതിട്ട: ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ലെന്നും, പാർട്ടി തന്നെ സംരക്ഷിക്കുമെന്നും എ പത്മകുമാർ റിപ്പോട്ടറിനോട് പ്രതികരിച്ചു. ബിജെപിക്കാർ തന്നെ കണ്ട് ചർച്ച നടത്തിയെന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ ഇത് അറിയാത്ത കാര്യമാണെന്നും ഇതിന്റെ പേരിൽ ഒരു വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാർ വ്യക്തമാക്കി. പത്മകുമാർ വിഷയത്തിൽ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ തന്നെ ആറൻമുളയിലെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. പാർട്ടിയുടെ നിലപാട് പിന്നീട് രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു. പക്ഷേ പത്മകുമാർ തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പത്മകുമാർ വിഷയത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അതൃപ്ചി പരസ്യമാക്കി പത്മകുമാർ രംഗത്ത് വന്നത്.
ഉന്നയിച്ച പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും സംഘടന പ്രവർത്തനം നടത്തുന്നവരെ പാർട്ടിയുടെ മേൽഘടകങ്ങളിലേക്ക് പരിഗണിക്കണം എന്നും പത്മകുമാർ ആവർത്തിച്ചിരുന്നു. പാലമെന്ററി രംഗത്ത് പരിചയം ഉള്ളവരെ മാത്രം പരിഗണിച്ചാൽ പോരാ സംഘടനാ രംഗത്തുള്ളവരെയും കമ്മിറ്റികളിലേയ്ക്ക് പരിഗണിക്കണമെന്ന് പത്മകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിജെപി ജില്ലാ നേതൃത്വവുമായി എ പത്മകുമാർ ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
Content Highlights :'There is no problem joining BJP'; My party will protect me, A Padmakumar