ഏറ്റുമാനൂരിൽ റെയില്‍വെ ട്രാക്കിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി

ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്

dot image

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച ഷൈനിയുടെ ഭർത്താവുമായ നോബി ലൂക്കോസിന്റെ ജാമ്യ അപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പിന്നാലെ നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷൈനി മരിച്ചതിൻ്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയിൽ നോബി ഷൈനിയോട് നടത്തിയ ഫോൺ സംഭാഷണമാണ് ജീവനൊടുക്കുന്നതിന് കാരണം എന്നതാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.

Content Highlights- Mother and children death in Ettumanoor; Husband's bail application rejected

dot image
To advertise here,contact us
dot image