'ബ്രൂവറിക്കായി വാങ്ങിയ ഭൂമിയുടെ മുൻ ആധാരങ്ങൾ കാണാനില്ല'; അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര

പാലക്കാട് ബ്രൂവറി കമ്പനി വാങ്ങിയ ഭൂരേഖകൾ വില്ലേജ് ഓഫിസിൽ ഇല്ലെന്നാണ് അനിൽ അക്കര വെളിപ്പെടുത്തിയത്

dot image

തൃശ്ശൂർ: പാലക്കാട് ബ്രൂവറിക്കായി വാങ്ങിയ ഭൂമിയുടെ മുൻ ആധാരങ്ങൾ കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. പാലക്കാട് ബ്രൂവറി കമ്പനി വാങ്ങിയ ഭൂരേഖകൾ വില്ലേജ് ഓഫിസിൽ ഇല്ലെന്നാണ് അനിൽ അക്കര വെളിപ്പെടുത്തിയത്. എലപ്പുള്ളി വില്ലേജ് ഓഫീസിൽ പട്ടയ രേഖകൾ കാണാനില്ലെന്നും വിവരാവകാശ മറുപടിയിൽ രേഖകൾ കാണാനില്ലെന്നായിരുന്നു മറുപടിയെന്നും അനിൽ അക്കര പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് അനിൽ അക്കര അഭ്യർത്ഥിച്ചു.

അതേ സമയം, പാലക്കാട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ തീരുമാനമായി. ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭയിൽ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകി. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്ക‍ർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്ക‍ർ ഭൂമി രജിസ്റ്റ‍ർ ചെയ്ത് നൽകിയത് നിയമാനുസൃതമല്ലെന്നാണ് കണ്ടെത്തൽ.

എലപ്പുള്ളിയില്‍ ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുൾപ്പടെ വിഷയത്തിൽ വ്യാപക പ്രതിഷേധമുയർത്തി. പ്ലാന്റിനെതിരെ എൽഡിഎഫിലെ ഘടകകക്ഷികളും വിമർശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു. വിഷയം വ്യാപക ചർച്ചയായിരിക്കെയാണ് ഒയാസിസിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമുണ്ടായിരിക്കുന്നത്.

Content Highlights- 'Previous documents of land purchased for brewery missing'; Anil Akkara demands investigation


dot image
To advertise here,contact us
dot image